അനുസ്മരണയുടെ ഹജ്ജ് കാലം
✍സിദ്ദീഖുൽ മിസ്ബാഹ് ജസ്‌രി പടന്നക്കാട് (21/4/24)
ഹജ്ജ് കാലം വന്നെത്തി ചരിത്രത്തിന്റെ ഉജ്ജ്വല സാക്ഷ്യങ്ങളുടെ പ്രതീകങ്ങളായിട്ടല്ലാതെ ഹജ്ജിനെ നോക്കി കാണാൻ കഴിയില്ല, ഒന്ന് കണ്ണോടിച്ച് നോക്കിയാൽ ഹജ്ജിന്റെ കർമ്മങ്ങളും , സ്ഥലങ്ങളും വലിയൊരു ആദരവോട് കൂടിയുള്ള അനുസ്മരണയാണെന്ന് ബോധ്യപ്പെടും, ഹജ്ജിന്റെ ഓരോ സ്ഥലങ്ങൾക്കും അല്ലാഹു വലിയ പവിത്രത നൽകിയിട്ടുണ്ട്, ഈ പവിത്രതയുടെ പിന്നിൽ മഹാന്മാരുടെ കാല്പാദങ്ങൾ പതിഞ്ഞതോ, അവർ നിസ്ക്കരിച്ച സ്ഥലമോ , അവർ അന്ത്യ വിശ്രമം കൊള്ളുന്ന ഇടമോ ആണെന്ന് മനസ്സിലാകും, ഇസ്ലാമിനെ യുക്തിയിലൂടെ മനസ്സിലാക്കി ആദരവിനെ പഴഞ്ചനായും പുച്ചമായും കണ്ട് പാരമ്പര്യ വിശ്വാസ ആദർശങ്ങളെ അഥവാ അഹ്ലുസ്സുന്നയെ തെറ്റിദ്ധരിച്ച് പോയ അവാന്തര വിഭാഗങ്ങൾക്ക് ഹജ്ജിലൂടെ ധാരാളം പാഠമുൾക്കൊള്ളാൻ കഴിയും, ഇസ്ലാമിക കർമ്മങ്ങളൊക്കെ യുക്തിയിലൂടെ മാത്രം സമീപിക്കുമ്പോഴാണ് പല പിഴച്ച ആശയങ്ങളും കടന്ന് കൂടുക, മറിച്ച് അല്ലാഹുവും റസൂലും പഠിപ്പിച്ചത് അതേപ്പടി അനുസരിക്കുന്ന അച്ചടക്കമുള്ള അനുസരണയുള്ള അടിമയാകുക , ആരാധനയെന്തെന്നും ആദരവെന്തെന്നും കൃത്യമായി മനസ്സിലാക്കുക, ഇത് മനസ്സിലാക്കാതെ പാരമ്പര്യ വിശ്വാസികളായ സുന്നികൾ ചെയ്യുന്ന ആദരവിന്റെ കർമ്മങ്ങൾ കാണുമ്പോഴേക്ക് ശിർക്കാരോപണവുമായി വരുമ്പോഴുള്ള അപകടം ചെറുതല്ലെന്നതോർക്കുക, ആദരവിനും , അനുസ്മരണക്കും ഇസ്ലാമിൽ വലിയ പ്രാധാന്യം ഉണ്ട് , അല്ലാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ഹൃദയത്തിന്റെ തഖ്‌വയുടെ ഭാഗമാണെന്നാണല്ലോ ഖുർ ആനികാദ്ധ്യാപനം , അത് പോലെ
ذَٰلِكَ وَمَن يُعَظِّمْ حُرُمَٰتِ ٱللَّهِ فَهُوَ خَيْرٌۭ لَّهُۥ عِندَ رَبِّهِۦ
"അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും."
വിശുദ്ധ ഖുർആൻ (22:30)
അഹ്ലുസ്സുന്നയുടെ വിശ്വാസ ആദർശങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന ഓരോ സുന്നി വിശ്വാസിക്കും ഹജ്ജ് കർമ്മങ്ങൾ സുപ്രധാന ആരാധന എന്നതിലുപരി വളരെയധികം സന്തോഷം നൽകുന്ന മറ്റൊന്ന് കൂടിയുണ്ട് ,അത് മഹാന്മാരെ അനുസ്മരിക്കുന്നതിലും, അവർ അന്ത്യ വിശ്രമം കൊള്ളുന്ന ഖബറിടം ആദരിക്കുന്നതിലും, അവരുടെ ചരിത്രങ്ങളും മറ്റും അയവിറക്കുന്നതിലുമാണ് , കാരണം ഹജ്ജിന്റെ ഓരോ കർമ്മങ്ങളിലും സ്ഥലങ്ങളിലും വലിയൊരു ബഹുമാനവും ആദരവുമുണ്ട് , ഹാജറബീവി (റ) സഫാ മർവയെന്ന 2 മലകൾക്കിടയിൽ വെള്ളത്തിന്ന് വേണ്ടി അലഞ്ഞതിനാൽ നമ്മളും അവിടെ ത്തന്നെ നടക്കണം, ഇസ്മാഈൽ (അസ) ഇബ്ലീസിനെ കല്ലെറിഞ്ഞതിനാൽ നമ്മളും അതേ സ്ഥലത്ത് വെച്ച് എറിയണം, ഇബ്രാഹീം നബിയുടെ (അസ) കാല്പാദം പതിഞ്ഞതിനാൽ പവിത്രമായ കല്ലിന്റെ പിന്നിൽ നിസ്ക്കരിക്കണം, ഇങ്ങനെ ഓരോന്നും എടുത്ത് നോക്കിയാൽ അവിടെയൊക്കെ വലിയൊരു സ്മരണയും ആദരവും ബഹുമാനവും കാണാൻ കഴിയും, ഈ അനുസ്മരണയും, ആദരവും നിത്യ ജീവിതത്തിൽ പതിവായി ചെയ്ത് പോരുന്നത് സുന്നികൾ മാത്രമാണ് ! അത് കൊണ്ട് തന്നെ സുന്നി വിശ്വാസി സമൂഹം ഹജ്ജിന്റെ ഓരോ കർമ്മങ്ങളിലും വളരെയധികം ആനന്ദവും ആത്മീയാനുഭൂതിയും അനുഭവിച്ച് പോരുന്നു,
ഇഹ്റാം ചെയ്യുക, കഅ്ബ ത്വവാഫ് ചെയ്യുക, കഅ്ബക്കടുത്തുള്ള സ്വഫാ, മർവ കുന്നുകൾക്കിടയിൽ ഏഴു പ്രാവശ്യം നടക്കുക, ദുൽഹിജ്ജ എട്ടാം നാൾ കഅ്ബയുടെ ഏതാണ്ട് ആറു കിലോമീറ്റർ അകലെയുള്ള മിനായിൽ ചെന്നു താമസിക്കുക, ഒമ്പതിന് പകൽ അറഫാ മൈതാനത്തിൽ സമ്മേളിക്കുക, അന്നു രാത്രി അറഫക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫ എന്ന സ്ഥലത്ത് താമസിക്കുക, പിറ്റേ ദിവസം മിനായിലേക്ക് മടങ്ങിവന്ന് ജംറകളിൽ കല്ലെറിയുക, രണ്ടോ മൂന്നോ നാൾ മിനായിൽ തന്നെ കഴിഞ്ഞുകൂടുക, ഈ സമയത്ത് കല്ലേറു കർമം നിർവഹിക്കുക, അതിനിടയിൽ മൃഗബലി നടത്തിയ ശേഷം മുടി മുറിച്ചു ഇഹ്റാമിൽനിന്നു മുക്തനാകുക. ഇതാണ് ഹജിൻ്റെ സുപ്രധാന ചടങ്ങുകൾ. കേവല രാപകലുകളുടെ നീളമാണ് ഹജ്ജിനുള്ളതെങ്കിലും നീണ്ടുകിടക്കുന്ന ഇന്നലെകളുടെ ഓര്‍മകളെയാണത് പുന:രര്‍പണം ചെയ്യുന്നത്. സഫയും, മര്‍വയും, മിനയും, അറഫയും, ജംറകളും, മത്വാഫും, മഖാമു ഇബ്റാഹീമും, ഹിജ്റ് ഇസ്മാഈലും, സംസമും അടക്കമുള്ള ഓരോ കേന്ദ്രങ്ങള്‍ക്ക് പിന്നിലും ജ്വലിക്കുന്ന ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്, ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ഓർമ്മകളുടെ പുനരാവിഷ്കാരമെന്ന് ഗ്രഹിക്കാം , ആ ഓര്‍മകള്‍ ഊര്‍ജമായി, നമ്മുടെ ഹൃദയങ്ങളില്‍ നിലക്കാത്ത പ്രവാഹമായി മാറണം. ആ ശക്തമായ പ്രവാഹത്തില്‍ ഖല്‍ബില്‍ കുടികൊള്ളുന്ന അശാന്തിയുടെ വിത്തുകള്‍, പൈശാചിക ചിന്തകള്‍, മാനസിക വൈകല്യങ്ങള്‍ തുടങ്ങിയ എല്ലാ അരുതായ്മകളും കടപുഴകണം. ഹജ്ജിനെത്തിപ്പെടാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ സാധിക്കുന്ന/സാധിക്കേണ്ട കാര്യമാണിത്
ഹജ്ജിനെ പരിപൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നത് അഹ്ലുസ്സുന്നയുടെ വിശ്വാസികൾക്ക് മാത്രമാണെന്ന് പറയാൻ പല കാരണങ്ങളും ഉണ്ട് അതിൽ പെട്ട പ്രധാന കാര്യങ്ങൾ നമുക്ക് നോക്കാം,
*സുന്നികളിൽ മാത്രം*
ഔലിയാക്കൾ, സ്വാലിഹീങ്ങൾ, അവരുടെ മഖ്ബറകൾ, ആദരിക്കുക ബഹുമാനിക്കുക, അവരുടെ കാല്പാദങ്ങൾ പതിഞ്ഞ സ്ഥലം ബഹുമാനിക്കുക, അവരെ അനുസ്മരിക്കുന്ന മാല മൗലൂദുകൾ നിത്യ ജീവിതത്തിൽ പതിവാക്കുക ,അവരെ കൊണ്ട് ബറകത്തെടുക്കുക , അവർ നിസ്ക്കരിച്ച സ്ഥലത്ത് നിസ്ക്കരിക്കുക പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് സുന്നികളാണ് എന്നാൽ സ്വാലിഹീങ്ങളുടെ മഖ്ബറകൾ ശിർക്കിന്റെ കൂടാരമെന്നും അവരിലേക്കുള്ള സിയാറത്ത് യാത്ര പാടില്ലെന്നും , മഹാന്മാരുടെ അനുസ്മരണ കാവ്യങ്ങളായ മാലമൗലൂദുകൾ ശിർക്കിന്റെ വരികളാണെന്നുമൊക്കെയുള്ള വികല വാദങ്ങൾ പറയുന്ന അവാന്തര വിഭാഗങ്ങൾക്കെങ്ങനെ ഹജ്ജിനെ ഉൾക്കൊള്ളാൻ കഴിയും ? നബിമാരുടെ ഖബറുകൾ ചുറ്റുമുള്ള കഅ്ബ വലയം ചെയ്യാൻ കഴിയുമോ ? ഹജ്ജ് കഅ്ബയെ ലക്ഷ്യം വെച്ചുള്ള യാത്രയാണ്, കഅ്ബയുടെ ചുറ്റു ഭാഗമാകട്ടെ മുന്നൂറോളം നബിമാരുടെ ഖബറുകൾ ഉണ്ടെന്നത് ചരിത്ര സത്യമാണ്, ഹിജ്റ 189 ൽ വഫാത്തായ ഹാഫിള് മുഹമ്മദ് ബ്നിൽ ഹസനി ശ്ശൈബാനി ഇമാമിന്റെ കിതാബുൽ ആസാറിലും മറ്റ് ധാരാളം ചരിത്രകാരന്മാർ അവരുടെ ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്നു
: أَخْبَرَنَا أَبُو حَنِيفَةَ ، قَالَ حَدَّثَنَا سَالِمٌ الْأَفْطَسُ ، قَالَ : مَا مِنْ نَبِيٍّ إِلَّا وَيَهْرَبُ مِنْ قَوْمِهِ إِلَى الْكَعْبَةِ يَعْبُدُ رَبَّهَا ، وَإِنَّ حَوْلَهَا لَقُبُورَ ثَلَاثِمِائَةِ نَبِيٍّ
കഅ്ബയുടെ ചുറ്റും 300 നബിമാരുടെ ഖബറുകൾ ഉണ്ട്, {കിതാബുൽ ആസാർ, ഫളാഇലു മക്ക(ഹസനുൽ ബസ്വരി) , ഷറഫുൽ മുസ്ത്വഫാ, ഇസാറതുത്തർഗീബ്, ഇൻസാനുൽ ഉയൂൻ, തുടങ്ങി നിരവധി ഗ്രന്ഥങ്ങളിൽ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്}
مابين الركن والمقام إلي زمزم قبور تسعة وتسعين نبيا
റുക്നുൽ യമാൻ (കഅ്ബയുടെ തെക്ക് പടിഞ്ഞാറ് മൂല) , മഖാം ഇബ്രാഹീം മുതൽ സംസം വരെ 99 നബിമാരുടെ ഖബറുകളുണ്ട് (തഫ്സീർ ഇമാം ഖുർതുബി സൂറത്ത് ബഖറ- 128 മത്തെ ആയത്ത്) സുയൂതി ഇമാമിന്റെ ദുററുൽ മൻസൂറിൽ 77 നബിമാരുടെ ഖബറാണെന്ന റിപ്പോർടും കാണാൻ കഴിയും, മറ്റ് ധാരാളം ഗ്രന്ഥങ്ങളിൽ റിപ്പോർട് ചെയ്തിട്ടുണ്ട്,
فقد أخرج الأزرقي في “أخبار مكة” ، وابن جرير في “التفسير” ، وابن أبي حاتم في “التفسير ” من حديث عطاء بن السائب، عن ابن سابط عن النبي (صلى الله عليه وآله وسلم) قال: “كان النبي من بني الأنبياء إذا هلكت أمته لحق بمكة فيتعبد فيها النبي، ومن معه حتى يموت فيها، فمات بها نوح، وهود، وصالح، وشعيب، وقبورهم بين زمزم والحجر”.
നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ്, (അ:സ) എന്നീ നബിമാരുടെ ഖബറുള്ളത് സംസമിന്റെയും മഖാം ഇബ്രാഹീമിന്റെയും ഇടയിലാണ്
മുകളിൽ നൽകിയ വിവരണത്തിൽ നിന്നും ധാരാളം നബിമാരുടെ ഖബറുകൾ കൊണ്ട് ധന്യമാണ് പരിശുദ്ധ ഹറംശരീഫ് , ജീവിതത്തിൽ ഇന്നേവരെ ഒരു മഹാന്റെയും മഖ്ബറയിലേക്ക് സിയാറത്തിന്ന് പോകാത്ത, മഹാന്മാരുടെ ജാറങ്ങൾ ശിർക്കൻ കേന്ദ്രങ്ങളെന്ന് വിശ്വസിക്കുന്ന അഹ്ലുസ്സുന്നയുടെ വിരോദികൾക്ക് ഹജ്ജിന്ന് വന്നാൽ അതൊക്കെ അറിയാതെയെങ്കിലും അവർക്കത് ചെയ്യേണ്ടി വരുന്നു, ഇനിയല്ല മഹാന്മാരുടെ ഖബറിടങ്ങൾ ഉള്ളതിനാൽ കഅ്ബാ ശരീഫും ശിർക്കൻ കേന്ദ്രങ്ങളെന്നിവർ പറയുമോ ???
*കഅ്ബയോടൊപ്പം മസ്ജിദുൽ അഖ്സയും*
മഹാന്മാരുടെ ഖബറുകൾ കൊണ്ട്
കഅ്ബയുടെ ചുറ്റുഭാഗം ധന്യമാണെങ്കിൽ മുസ്ലിംകളുടെ മറ്റൊരു പ്രധാന ആരാധന കേന്ദ്രമായ മസ്ജിദുൽ അഖ്സയും തഥൈവ !
سُبْحَـٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَـٰرَكْنَا حَوْلَهُۥ
ബാറക്നാ ഹൗലഹു "മസ്ജിദുൽ അഖ്സയുടെ ചുറ്റുഭാഗം" പവിത്രമാണെന്ന് അല്ലാഹു നമ്മെ പഠിപ്പിക്കുന്നതിന്റെ പിന്നിലും കാരണങ്ങൾ മുഫസ്സിരീങ്ങൾ പഠിപ്പിക്കുന്നത് തഫ്സീർ ഖുർതുബിയിൽ കാണാം
تفسير القرطبي - القرطبي - ج ١٠ - الصفحة ٢١٢
(الذي باركنا حوله) بمن دفن حوله من الأنبياء والصالحين، وبهذا جعله مقدسا.
മസ്ജിദുൽ അഖ്സയുടെ ചുറ്റുഭാഗത്തും അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും മറമാടിയിരിക്കുന്നതിനാൽ മസ്ജിദുൽ അഖ്സ പവിത്രമായിരിക്കുന്നു,
ഖുർ ആനാണ് ഇത് പഠിപ്പിക്കുന്നത് , മഹാന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലങ്ങൾ അനുഗ്രഹീത കേന്ദ്രങ്ങളാണ് , വലിയ ബറകത്തുള്ളതാണ് ,മുസ്ലിം ഉമ്മത്തിന്റെ ഏറ്റവും പവിത്രമായ 2 ആരാധനാ കേന്ദ്രങ്ങളെ ധന്യമാക്കാൻ മഹാന്മാരുടെ മഖ്ബറയുണ്ടെന്ന വാസ്തവം ഇനിയെങ്കിലും തിരിച്ചറിവുണ്ടാകട്ടെ.
*ഇബ്രാഹീം (അസ) ന്റെ കാൽപ്പാദം പതിഞ്ഞ കല്ലിന്റെ ബഹുമാനം*
മഖാമു ഇബ്റാഹീം എന്ന അറബി പദത്തിന്റെ ഭാഷാർത്ഥം ഇബ്റാഹീം നബി (അ) നിന്ന സ്ഥലം എന്നാണ്. മക്കയിലെ മസ്‌ജിദുൽ ഹറമിൻ്റെ മുറ്റത്ത്, കഅ്ബയുടെ കവാടത്തിൻ്റെ മുമ്പിലായി, കിഴക്കു വശത്ത്, കഅ്ബയുടെ ചുമരിൽ നിന്നും 20 മുഴം അകലെയായിട്ടാണ് അതിന്റെ സ്ഥാനം. രണ്ട് കാല്പാടുകൾ പതിഞ്ഞ ആ കല്ല് വ്യക്തമായി കാണാവുന്നതാണ്. അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഇബ്റാഹീം നബിയും (അസ) പുത്രൻ ഇസ്മാഈൽ നബിയും (അസ) ചേർന്ന് കഅ്ബാ മന്ദിരത്തിന്റെ നിർമാണ വേളയിൽ, ചുമരിന്റെ പൊക്കം കൂടി വന്നപ്പോൾ ഇബ്റാഹീം നബി (അസ) നിൽക്കാൻ ഉപയോഗിച്ച കല്ലാണിത്, ഇമാം ബുഖാരി (റ) ഇബ്‌നു അബ്ബാസിൽ (റ) നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ മഖാമിനെ പരിചയപ്പെടുത്തുന്നത് ഇബ്രാഹീം നബി (അസ) കഅ്ബാ നിർമാണ വേളയിൽ ഉപയോഗിച്ച കല്ലെന്നാണ്. ഇസ്മാഈൽ നബിയാണ് (അസ) പിതാവിന് നിൽക്കാൻ വേണ്ടി ആ കല്ല് കൊണ്ടു വന്നത്. ഇബ്‌റാഹീം നബി (അസ) പടവിന്ന് വേണ്ടി നിൽക്കാൻ ഉപയോഗിക്കുകയും ഓരോ ചുമര് തീരുമ്പോഴും അടുത്ത സ്ഥാനത്തേക്ക് ആവശ്യാനുസൃതം നീക്കുകയും ചെയ്തു. അങ്ങനെ മഹാനവർകളുടെ കാല്പാടുകൾ ആ കല്ലിൽ വ്യക്തമായി കാണുന്ന രൂപത്തിൽ പതിയുകയുണ്ടായി. ജാഹിലിയ്യാ കാലത്തും, ഇസ്ലാമിലും അറബികൾക്ക് സുപരിചിതമായ ഒരു ചരിത്ര സ്‌മാരകമായി ആ കല്ല് നിലകൊണ്ടു, പാറക്കല്ലിൻമേൽ കാൽപാടുകൾ പതിഞ്ഞതും, കാലടികൾ ഞെരിയാണി വരെ കല്ലിൽ താഴ്ന്നതും, കല്ലിന്റെ കുറഞ്ഞ ഭാഗത്തെ ഈ രൂപത്തിൽ മാർദ്ദവമാക്കിയതും,. പ്രവാചകൻമാരുടെ ദൃഷ്‌ടാന്തങ്ങളിലായി ഇതിനെ ഈ വിധം അവശേഷിപ്പിച്ചതും, ബഹുദൈവാരാധകരും വേദക്കാരുമായ അനേകം ശത്രുക്കളിൽ നിന്നും സഹസ്രാബ്‌ദങ്ങൾ അതിനെ കാത്തു സൂക്ഷിച്ചതുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണെന്ന് മുഫസ്സിറുകൾ പഠിപ്പിക്കുന്നു.
من صلى خلف المقام ركعتين غفر له ما تقدم من ذنبه ، وما تأخر ، وحشر يوم القيامة من الآمنين .
(الشفا بتعريف حقوق المصطفى - القاضي عياض - ج ٢)
( - الصفحة ٩٣
നബി (സ്വ) പഠിപ്പിക്കുന്നു, മഖാംഇബ്രാഹീമിന്റെ പിന്നിലായിക്കൊണ്ട് ഒരുവൻ നിസ്ക്കരിച്ചാൽ അവന്റെ മുൻ കഴിഞ്ഞ് പോയ പാപങ്ങൾ അല്ലാഹു പൊറുത്ത് കൊടുക്കും,
ഫൈസൽ രാജാവിൻ്റെ കാലത്താണ് മഖാം ഇബ്രാഹീമിന്ന് ഇന്ന് കാണുന്ന രൂപത്തിലുള്ള ഒരു സ്ഫടിക മൂടി വെച്ചത്, ഫഹദ് രാജാവിൻ്റെ കാലത്ത് അതിന്റെ ലോഹ ഘടനയിൽ മാറ്റം വരുത്തി ഉയർന്ന നിലവാരമുള്ള ചെമ്പ് ഘടനയിൽ സ്ഥാപിച്ചു. സ്വർണം പൂശിയ ഗ്രില്ലും സ്ഥാപിച്ചു. കറുത്ത ഗ്രാനൈറ്റിൽ തീർത്തിരുന്ന അതിൻ്റെ സ്റ്റാൻഡ് മുന്തിയ ഇനം വെളുത്ത മാർബിളും പച്ച ഗ്രാനൈറ്റും ഉപയോഗിച്ചു പുതുക്കിപ്പണിതു. എങ്കിലും ത്വവാഫിന്റെ സൗകര്യത്തിന്ന് മഖാം ഇബ്രാഹീമിന്റെ സ്ഥാനാന്തരണത്തിന്നുള്ള ചർച്ച വന്നപ്പോൾ പോലും അക്കാലത്തെ പണ്ടിതന്മാർ അതിനുള്ള അനുമതി കൊടുത്തിട്ടില്ല , നോക്കിക്കാണുന്ന ആർക്കും ഇബ്രാഹീം നബിയുടെ കാൽപ്പാദം പതിഞ്ഞ ഒരു കല്ലാണ് , പക്ഷെ അതിനെ എത്രത്തോളം പവിത്രമായി കാണണമെന്നും അതിന്റെ പിന്നിലായി നിസ്ക്കരിക്കണമെന്നും, നിസ്ക്കരിക്കുന്നവർക്ക് ലഭിക്കുന്ന നേട്ടവും, അല്ലാഹുവും , റസൂലും കൽപ്പിക്കുമ്പോൾ ഏതൊരു സുന്നി വിശ്വാസിയെ സംബന്ധിച്ചടുത്തോളം തങ്ങളുടെ വിശ്വാസ ആചാരങ്ങൾ ഒന്ന് കൂടി ഊട്ടിയുറക്കുന്നു, കാരണം മഹാന്മാരുമായി ബന്ധപ്പെട്ടതൊക്കെ വളരെ പവിത്രമായി ആദരിച്ച് പോരുന്നത് സുന്നികൾ മാത്രമാകുന്നു, അതിനാകട്ടെ അല്ലാഹു വലിയ മഹത്വവും കൽപ്പിക്കുന്നു.
*ഹിജ്റ് ഇസ്മാഈലും ഖബറിടവും*
കഅ്ബയെ ലക്ഷ്യമാക്കി പോകുന്ന ഹജ്ജ് വേളയിൽ കഅ്ബയോട് ചേർന്ന് കാണുന്ന ഹിജ്റ് ഇസ്മാഈൽ എന്താണെന്ന് മനസ്സിലാക്കുമ്പോൾ അവിടെയും മഹാന്മാരുടെ ഖബറിടം കാണപ്പെടുന്നു , കഅ്ബയുടെ വടക്കുഭാഗത്തുള്ള അർധവൃത്താക്യതിയിലുള്ള അരമതിലാണ് ഹിജ്റ് ഇസ്മാഈൽ , ഇതിന് ഹത്വീം എന്നും പറയുന്നു. 1.30 മീറ്റർ ഉയരം, ഒന്നരമീറ്റർ വീതി. ഇതിന്റെ ഉൾഭാഗം എട്ടര ചതുരശ്ര മീറ്റർ വിസ്താരം ഉണ്ട്.
ഖുറൈശികൾ കഅ്ബ പുതുക്കി പണിതപ്പോൾ കഅ്ബയോട് ചേർന്ന ഈ ഭാഗം പണം തികയാത്തതിനാൽ ഒഴിവാക്കുകയായിരുന്നുൽ, പകരം അവർ അരമതിൽ നിർമിച്ചു. ഹിജ്ർ കഅ്ബയുടെ ഭാഗം തന്നെയാണെന്നും അവിടെ നമസ്കരിക്കുന്നത് കഅ്ബയിൽ നമസ്ക്കരിക്കുന്നതിന് തുല്യമാണെന്നും നബി(സ്വ) പറഞ്ഞതായി പത്നി ആഇശ(റ) വ്യക്തമാക്കിയിട്ടുണ്ട്.
عن عائشةَ أنَّها قالَت : كنتُ أُحبُّ أن أدخلَ البَيتَ فأصلِّيَ فيهِ فأخذَ رسولُ اللَّهِ صلَّى اللهُ علَيهِ وسلَّمَ بِيَدي فأدخلَني في الحِجرِ فقالَ صلِّي في الحِجرِ إذا أردتِ دخولَ البَيتِ فإنَّما هوَ قطعةٌ منَ البَيتِ فإنَّ قَومَكِ اقتَصروا حينَ بنَوا الكعبةَ فأخرجوهُ منَ البَيتِ
കഅ്ബ ഇന്ന് നിൽക്കുന്ന സ്ഥലവും ഹിജ്റ് ഇസ്മാഈലും തമ്മിൽ വ്യത്യാസം ഉണ്ട്,
ത്വവാഫ് ചെയ്യുമ്പോൾ ഹിജ്റ് ഇസ്മാഈൽ കഅ്ബയുടെ ഭാഗം എന്ന് കരുതി ഹിജ്റ് ഇസ്മായീലിന്റെ പുറം ഭാഗത്ത് കൂടി തന്നെ ത്വവാഫ് ചെയ്യണം, ഹിജ്റ് ഇസ്മാഈലിന്റെ ഒരു ഭാഗം മാത്രമാണ് കഅ്ബയുടെ ഭാഗമെന്ന പക്ഷക്കാരാണ് ഇമാം നവവി (റ) വിനെ പോലുള്ള ഇമാമീങ്ങൾ ,എന്നാൽ മുഴുവനും കഅ്ബയുടെ ഭാഗമെന്ന അഭിപ്രായക്കാരും ഉണ്ട്,
ബഹുമാനപ്പെട്ട ഹാജറ ബീവി (റ) യുടെയും ഇസ്മാഈൽ (റ) വിന്റെയും ഖബർ ഉള്ളത് കഅ്ബയുടെ ഭാഗം എന്നറിയപ്പെടുന്ന ഹിജ്റ് ഇസ്മാഈലിലാണ് , നിരവധി ഗ്രന്ഥങ്ങളിൽ ഇത് രേഖപ്പെട്ട് വന്നിട്ടുണ്ട്
ان عمر اسماعيل بن ابراهيم الخليل صلوات الله عليهم مائة وثلاثون سنة وانه دفن فى الحجر مع أمه هاجر
سير اعلام النبلاء (1/145) (سيرة ابن هشام) (1/ 111)
ابن سعد في (طبقاته) (1/ 52) ، والذهبي في (تاريخ الإسلام) (1/ 20) وابن خلدون في (تاريخه) (2/ 44) .وفي (أخبار مكة) للأزرقي (1/ 81):
ഹിജ്റ്ഇസ്മാഈൽ ചുറ്റുമ്പോൾ അവിടെ മറപെട്ട് കിടക്കുന്ന ഹാജറ ബീവി (റ), ഉമ്മയുടെയും, ഇസ്മാഈൽ നബിയുടെയും (അസ) ഖബറിടം കൊണ്ട് ധന്യമാണീ പുണ്യ ഇടമെന്ന് ഓർക്കുക, അവരുടെ ഇന്നലെകളിലെ ത്യാഗ പരീക്ഷണങ്ങൾ ഓർക്കും വിധം അവരെ ആദരിക്കലും, സിയാറത്ത് ചെയ്യലും ഇതിന്റെ പിന്നിൽ സംഭവിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുക.
*എന്ത് കൊണ്ട് സ്വഫയും,മർവ്വയും*
إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ [البقرة:158]
"നിശ്ചയം സ്വഫയും അല്ലാഹുവുന്റെ അടയാളങ്ങളാണ്"
ഹജ്ജിന്റെ ഒരഭിവാജ്യ ഘടകമാണ് സഅ് യ് , അഥവാ സ്വഫാ മർവ്വയെന്ന 2 മലകൾക്കിടയിലെ പ്രയാണം, സ്വഫയിൽനിന്ന് മർവയിലേക്കുള്ള നടത്തം ഒരു തവണയും തിരിച്ച് മർവയിൽനിന്ന് സ്വഫയിലേക്കുള്ള മടക്കം മറ്റൊരു തവണയുമാണ് ഇങ്ങനെ 7 തവണയാണ് ചെയ്യേണ്ടത്, ഈ രണ്ട് മലകളെ അല്ലാഹു ഖുർ ആനിലൂടെ അവന്റെ അടയാളങ്ങളായി ദൃഷ്ടാന്തമായി അവതരിപ്പിക്കുമ്പോൾ ഇതിന്റെ മഹത്വമെന്തെന്ന് മനസ്സിലാക്കാം, ലോകത്ത് ഒരുപാട് അത്ഭുതപ്പെടുത്തുന്ന മലകൾ ഉണ്ട്, ഏറ്റവും വലിയ എവറസ്റ്റ് കൊടുമുടിയുണ്ട്, വലിയ കരജീവിയും , ജലജീവിയും ഉണ്ട് , ഇതിനെയൊന്നും അല്ലാഹു തആല അടയാളമായോ ദൃഷ്ടാന്തമായോ പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ല , മറിച്ച് സ്വഫയും മർവ്വയും പ്രത്യേകമായി പറഞ്ഞതിന്റെ പിന്നിൽ മഹതി ഹാജറ ബീവി (റ), നബിയുല്ലാഹി ഇസ്മാഈലിന്ന് (അസ) വേണ്ടിയുള്ള ദാഹ ജലത്തിനായി ഓടിനടന്ന് കാല്പാദം പതിഞ്ഞ് അനുഗ്രഹീത സ്ഥലമായതിനാലാണെന്ന് മനസ്സിലാക്കാം,
ഈ ദീപ്ത സ്മരണ നിലനിർത്താൻ ഇവ രണ്ടിനുമിടയിലെ പ്രയാണം അല്ലാഹു ഇബാദത്തായി നിശ്ചയിച്ചു. അതില്ലാത്തവൻ്റെ ഹജ്ജ് സ്വീകാര്യമല്ല. പ്രത്യേകമായി ചൊല്ലാൻ പോലും അല്ലാഹു നമ്മോട് കൽപ്പിക്കുന്നില്ല, മറിച്ച് അതേ പോലെ നടക്കണം, ഓരോ ചുവടിലും മഹതി ഹാജറ ബീവി (റ) വിനെ അനുസ്മരിക്കാതിരിക്കാൻ പറ്റുമോ ? അല്ലാഹു നൽകിയ ഈയൊരാദരവിനെ ചെറുതായി കാണാൻ കഴിയുമോ ? അന്നവർ ഓടിയത് വെള്ളത്തിന്ന് വേണ്ടി ഇന്ന് നമുക്കത് അല്ലാഹുവിനുള്ള ആരാധനയായി മാറി , ലോകത്ത് മറ്റനേകം മലഞ്ചെരുവുകളുണ്ട് അവിടെ പോയി നടക്കാൻ അല്ലാഹു കൽപ്പിക്കാതെ സ്വഫയുടെയും മർവ്വയുടെയും ഇടയിൽ തന്നെ നടക്കണം , മഹതി ഹാജറ ബീവി (റ) യുടെ പാദസ്പർശം ഏറ്റ മണ്ണിലൂടെ തന്നെ നടക്കണം ,ഇവിടെ ഹാജറ ബീവിക്കുള്ള ആരാധനയാണെന്ന് ആരെങ്കിലും പറയുമോ ? ഇല്ല ഒരിക്കലുമില്ല !! ആരാധന അല്ലാഹുവിനാണ് അല്ലാഹുവിന്റെ കൽപ്പനപ്രകാരം നാം ഇത് ചെയ്യുന്നു , എന്നാൽ ഹാജറബീവി (റ) യെ അനുസ്മരിക്കലും , അവരെ ആദരിക്കലും ഇതിന്റെ പിന്നിലുണ്ടെന്ന സത്യം മനസ്സിലാക്കുക.
*മുത്തമിടേണ്ട ഹജറുൽ അസ് വദ്*
നബി സ്വ യുടെ മുപ്പത്തി അഞ്ചാം വയസ്സിൽ ഖുറൈശികൾ കഅ്ബ പുനർനിർമ്മാണ സമയത്ത് ഹബീബ് (സ്വ) യുടെ തൃക്കരം കൊണ്ട് പുന:സ്ഥാപിച്ച ഹജറുൽ അസ് വദെന്ന കല്ലിനെ വളരെ ബഹുമാനത്തോടെ ഹജ്ജിന്റെ ത്വവാഫ് വേളയിൽ മുത്തമിടുന്നു, അചേതന വസ്തുവായ ഈ കല്ലിന് ഇത്രമേൽ ശ്രേഷ്ഠത കൈവരാൻ കാരണമെന്തായിരിക്കും? കല്ല് കൊണ്ടുണ്ടാക്കിയ ബിംബങ്ങൾ അസംബന്ധമായി കണക്കാക്കുന്ന ഇസ്‌ലാം കല്ലാകുന്ന ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നതിനും, അതിനെ വന്ദിക്കുന്നതിനും, വലിയ സ്രേഷ്ഠത കൽപ്പിക്കുന്നതിന്റെ പിന്നിൽ കാരണങ്ങൾ നിരവധിയാണ് , ഒന്നാമതായി ഈ കല്ലിനെ ആദരിക്കുകയാണ് ചെയ്യുന്നത് ആരാധനയല്ല, ആദരവും ബഹുമാനവും ലഭിക്കുന്നതിന്ന് നിരവധി കാരണങ്ങൾ ഉണ്ട് അതിൽ ചിലത് നോക്കാം , സ്വർഗ്ഗീയക്കല്ലാണ്, ആദം നബി(അ) ഇറങ്ങിയ രാത്രി സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ടു’ എന്നും രേഖപ്പെട്ട് വന്നിട്ടുണ്ട് (ഇആനത്ത്), ഹജറുൽ അസ്‌വദ് ‘സ്വർഗത്തിലെ മാണിക്ക്യ’മെന്നാണ് അറിയപ്പെടുന്നത് (കൻസുൽ ഉമ്മാൽ-12/340), നബി(സ്വ) നിരവധി തവണ ഹജറിനെ ചുംബിച്ചതായി തെളിവുണ്ട് (ബുഖാരി), ഹജറുൽ അസ്‌വദിനെ ശരിയായ ആദർശത്തോടെ ചുംബിച്ചവർക്ക് പരലോകത്ത് അത് അനുകൂലമായി സാക്ഷ്യം വഹിക്കും (തുർമുദി).
ഇവിടെയാണ് നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം,
കല്ലുകൾ കൊണ്ട് നിർമ്മിച്ച മഹാന്മാരുടെ ജാറത്തിങ്കലേക്ക് പോകുമ്പോൾ കിടത്തിയിട്ട ബിംബമെന്നും , കല്ലിനെ ആരാധിക്കലാണെന്നും കൊടിയ ശിർക്കാണെന്നും വാദിച്ച് ഇവിടെയുള്ള ബഹുഭൂരിപക്ഷം വരുന്ന സുന്നി വിശ്വാസികൾക്കെതിരെ ശിർക്കിന്റെ ദുരാരോപണങ്ങളായി വരുന്ന അവാന്തര വിഭാഗങ്ങൾക്ക് ഹജ്ജിന്ന് വരുമ്പോൾ കല്ലിനെ മുത്തമിടണം, ഇബ്രാഹീം നബിയുടെ (അസ) കാല്പാദം പതിഞ്ഞ കല്ലിനെ ബഹുമാനിക്കുകയും അതിന്റെ പിന്നിലായി കൊണ്ട് നിസ്ക്കരിക്കുകയും വേണം , നാളിത് വരെ കല്ല് കൊണ്ടുണ്ടാക്കിയ മഹാന്മാരുടെ ജാറത്തിൽ പോയി സിയാറത്ത് ചെയ്യുമ്പോൾ ശിർക്കാണെന്ന് ധരിച്ച് വെച്ചിരിക്കുന്ന ബിദ് അത്തിന്റെ അഹ് ലുകാർക്ക് ഹജ്ജിന്റെ വേളയിൽ ഹജറുൽ അസ് വദിനെ ബഹുമാനപൂർവ്വം മുത്തമിടുമ്പോഴും , കാല്പാദം പതിഞ്ഞ കല്ലിന്റെ പിന്നിൽ നിസ്ക്കരിക്കുമ്പോഴും ശിർക്കിന്റെ ഭയം തോന്നുന്നില്ല !! ഇവിടെയാണ് ആദരവും ആരാധനയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയുള്ള അവാന്തര വിഭാഗങ്ങളുടെ ജൽപ്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് പറയാൻ ആഗ്രഹിക്കുന്നത് , കാരണം ഹജറുൽ അസ് വദ് ഒരു കല്ലാണ് അതിന് അല്ലാഹു വലിയ ബഹുമാനം നൽകി, ആ കല്ലിനെ നബി സ്വ ചുംബിച്ചത് കൊണ്ട് നമ്മളും ചുംബിക്കുന്നു, അല്ലാതെ ആ കല്ലിന്ന് സ്വന്തമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ല , അല്ലാഹു നൽകുന്ന മഹത്വമാണ്, ഇത് ഉണർത്തിക്കൊണ്ട് രണ്ടാം ഖലീഫ ഉമർ (റ) ഒരിക്കൽ കഅ്ബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുൽ അസ് വദ് ചുംബിച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല.
(قَوْلُهُ بَابُ مَا ذُكِرَ فِي الْحَجَرِ الْأَسْوَدِ)
قَالَ الطَّبَرِيُّ..فَأَرَادَ عُمَرُ أَنْ يُعَلِّمَ النَّاسَ أَنَّ اسْتِلَامَهُ اتِّبَاعٌ لِفِعْلِ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا لِأَنَّ الْحَجَرَ يَنْفَعُ وَيَضُرُّ بِذَاتِهِ كَمَا كَانَتِ الْجَاهِلِيَّةُ تَعْتَقِدُهُ فِي الْأَوْثَانِ
(ഫത് ഹുൽ ബാരി)
നബി സ്വ യെ പിൻപറ്റണമെന്നത് ജനങ്ങൾക്ക് പഠിപ്പിച്ച് കൊടുക്കുകയാണ് ഉമർ (റ) ഇതിലൂടെ ചെയ്യുന്നത് """" ജാഹിലിയ്യ കാലത്തെ മുശ്രിഖുകൾ അവരുടെ വിഗ്രഹങ്ങൾക്ക് സ്വന്തമായി ഉപകാരവും ഉപദ്രവും ചെയ്യാനുള്ള കഴിവുണ്ട് എന്നവർ വിശ്വസിച്ചത് പോലെയല്ല നാം ഹജറുൽ അസ് വദെന്ന കല്ലിനെ ചുമ്പിക്കുമ്പോൾ എന്ന് വ്യക്തം !!!
അപ്പോൾവിശ്വാസത്തിലാണ് കാര്യം പ്രവർത്തിയിൽ ഒരു കാഫിർ ഒരു കല്ലിനെ പൂജിക്കുന്നതും ഒരു മുസ്ലിം ഹജറുൽ അസ് വദ് എന്ന കല്ലിനെ ആദരിക്കുകയും , തൊട്ട് മുത്തുകയും ചെയ്യുന്നത് ഒന്ന് തൗഹീദും മറ്റൊന്ന് ഷിർക്കുമാണ് പക്ഷേ ! പ്രവൃത്തിയുടെ രീതി രണ്ടും ഒന്നാകുന്നു.
മഹാന്മാരുടെ ജാറത്തിങ്കൽ പോകുമ്പോഴും അവിടെയുള്ള ഖബറിനെയല്ല ആരാധിക്കുന്നത് മറിച്ച് അവിടെയുള്ള സ്വാലിഹീങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്ന ഖബറായതിനാലാണ് അതിനെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും, ബർകത്തെടുക്കുന്നതും , അല്ലാതെ ഖബറ് കെട്ടിയ കല്ലിന്ന് സ്വന്തമായി കഴിവുണ്ടെന്ന നിലക്കല്ല !!! ഇത് മനസ്സിലാക്കിയ ഒരു മുഹ്മിനും ബിദ് അത്തിന്റെ കെണിയിൽ കുടുങ്ങില്ലെന്ന് ആശിക്കുന്നു.
*സംസമെന്ന പുണ്യ ജലം*
പ്രപഞ്ചത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ തീർഥ ജലത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവയായ സംസം കിണർ വിസ്മയകരമായ അത്ഭുതവും ദൈവീകദൃഷ്ടാന്തവുമാണ്. മരുഭൂനടുവിൽ അനർഗളം നിർഗളിക്കുന്ന ഉറവകളുള്ള സംസം കിണർ അയ്യായിരത്തോളം വർഷമായി ലോക ജനതക്കുള്ള ദൃഷ്ടാന്തമായി നിലനിൽക്കുന്നു. അല്ലാഹുവിന്റെ നിർദേശാനുസരണം ഇബ്രാഹിം നബി (അസ) ലോക മനുഷ്യരെ ഹജ് തീർഥാടനത്തിന് മക്കയിലേക്ക് ക്ഷണിച്ചതു മുതൽ സംസം കിണർ തീർഥാടക സഞ്ചയത്തിന്റെ ദാഹമകറ്റിക്കൊണ്ടിരിക്കുന്നു, ഈയൊരു പുണ്യ ജലത്തിന്റെ പിന്നിലും പുണ്യ പാദസ്പർശമല്ലാതെ മറ്റൊന്നുമില്ല, ഇബ്രാഹീം (അസ) നബിക്കും, ഹാജറ ബീവിക്കും (റ) അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹത്തിന്റെ ഫലം ഇസ്മാഈൽ നബി (അസ) മിന്റെ കാല്പാദത്തിലൂടെ നൽകുകയും, ഇന്നും സംസമെന്ന പുണ്യ ജലം അതിന്റെ പവിത്രതയോടെ നിലനിൽക്കുന്നു,
ജലശൂന്യവും ഫലശൂന്യവുമായ പാറക്കുന്നുകളും, മണല്‍ക്കാടുകളും മാത്രമുള്ള മരുപ്രദേശമായിരുന്ന അന്നത്തെ മക്കയിൽ മകനായ ഇസ്മാഈൽ (അസ) ന്ന് വേണ്ടി ദാഹജലത്തിനായി ഉമ്മ ഹാജറ ബീവി (റ) അലഞ്ഞ് നടന്നപ്പോൾ ഇസ്മാഈൽ (അസ) മിന്റെ കാല്പാദത്തിനടിയിലായി ഉറവ പൊട്ടി ഒഴുകിയ സ്രേഷ്ഠതയുള്ള, ബറകത്തുള്ള പാനീയമാണ് സംസം ,ലോകത്ത് സംസമിനേക്കാൾ പവിത്രമായ മറ്റൊരു പാനീയമില്ല , സംസം വെള്ളത്തിന്റെ പുണ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി (സ്വ) പറയുന്നു: “സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്. രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു ശിഫ നല്‍കും. ദാഹശമനം കരുതി കുടിച്ചാല്‍ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാല്‍ അല്ലാഹു വിശപ്പുതീര്‍ ക്കും’ (ഇമാം ഹാകിം, ദാറുഖുത്വ്നി). ഇസ്മാഈൽ (അസ) മിന്റെ കാല്പാദമടിയിൽ ഉറവിയെടുത്ത ഈ മുബാറകായ സംസം വെള്ളത്തിന്ന് അല്ലാഹു നൽകിയ പ്രത്യേകതകളിൽ നിന്ന് മനസ്സിലാകും മഹാന്മാരുമായി ബന്ധമുള്ളതിനൊക്കെ അല്ലാഹു വലിയ ബഹുമാനവും , ആദരവും, സ്രേഷ്ഠതയും നൽകിയിട്ടുണ്ടെന്നത് , എന്നാൽ ഈ സംസം വെള്ളത്തിന്റെ പവിത്രതയെ പോലും ചോദ്യം ചെയ്ത് വന്നിരിക്കുകയാണ് വഹാബികളെ പോലുള്ള ആധുനിക മുബ്തദിഉകൾ, ഇത്തരം കക്ഷികൾക്കെങ്ങനെ ഹജ്ജിനെ ഉൾക്കൊള്ളാൻ കഴിയും ? എന്ത് കൊണ്ട് സംസം ജലം ഇത്ര പവിത്രമായെന്നത് ഇക്കൂട്ടർ ചിന്തിക്കുന്നില്ല ??
*ത്യാഗ സ്മരണയുടെ മിനാ താഴ് വര*
ഹജ്ജിന്റെ മറ്റൊരു സുപ്രധാന കാര്യമാണ് മിനയിൽ രാപാർക്കൽ , ഇസ്മാഈൽ (അസ) മിനെ അറുക്കാനുള്ള അല്ലാഹുവിന്റെ തീരുമാനത്തെ ഇബ്രാഹീം നബി (അസ) നടപ്പിലാക്കാൻ വന്ന ത്യാഗസ്മരണയുടെ തീജ്ജ്വാലയാണ് മിനാ താഴ് വര , മൂസാ നബി (അസ) അടക്കമുള്ള 70 നബിമാർ സുജൂദ് ചെയ്യുകയും അവരുടെ ഖബറുകളും ഉള്ള മസ്ജിദുൽ ഖൈഫുള്ളതും മിനാ താഴ് വരയിലാണ്,
عن ابن عباس قال قال رسول الله صلى الله عليه وسلم صلى في مسجد الخيف سبعون نبيا منهم موسى,,,,,<
"ഇബ്നു അബ്ബാസ് (റ) തൊട്ട് നിവേദനം , ഹബീബ് (സ്വ) പറഞ്ഞു മസ്ജിദുൽഖൈഫിൽ മൂസാ നബിയടക്കമുള്ള എഴുപതോളം നബിമാർ സുജൂദ് ചെയ്തിട്ടുണ്ട്.
ابن عمر أن النبي صلى الله عليه وسلم قال في مسجد الخيف قبر سبعون نبيا. رواه البزار ورجاله ثقات.(مجمع الزوائد - الهيثمي - ج ٣ - الصفحة ٢٩٧)
"ഇബ്നു ഉമർ (റ) നിവേദനം നിശ്ചയം നബി (സ്വ) പറഞ്ഞു, മസ്ജിദുൽ ഖൈഫിൽ 70 നബിമാരുടെ ഖബർ സ്ഥിതി ചെയ്യുന്നു" ഇതിന്റെ നിവേദകർ സിഖത്തിൽ പെട്ടവരാണ്,
(മുഹ്ജമുൽ കബീർ ത്വബ്റാനി,
മജ്മഉസ്സവാഹിദ് ഹൈസമി, അഖ്ബാരി മക്ക ഫാകിഹി, ഇത് ഹാഫ്, മത്വാലിബുൽ ആലിയ അസ്ഖലാനി(റ),ദമീരിയുടെ ഷറഹ് മിൻഹാജ്, കശ്ഫുൽ ഇസ്താർ, ഫൈളുൽ ഖദീർ മുനാവി, ജാമിഉ സ്സ്വഗീർ സുയൂതി , ജാമിഉൽ അഹാദീസ് സുയൂതി, (റ:അ) ഫത് ഹുൽ ഖദീർ,)തുടങ്ങി നിരവധി ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും ,
ഇത് സ്വഹീഹാണെന്ന് പറഞ്ഞവർ
:1- الهيثمي في مجمع الزوائد (ج3 / ص297) : رواه البزار ورجاله ثقات.
2- ابن حجر العسقلاني في مختصر البزار (ج1 / 476) : إسناده صحيح
3- المناوي في التيسير بشرح الجامع الصغير (ج2 / ص179) : بِإِسْنَاد رِجَاله ثِقَات
4- سعد النيسابوري الخركوشي في شرف المصطفى (ج2 / ص310) : وأخرج البزار بإسناد صحيح- كما في كشف الأستار [2/ 48- 49] رقم 1177، والفاكهي في أخبار مكة [4/ 266] رقم 2594،
മഹാന്മാരുടെ ജാറങ്ങൾ ശിർക്കിന്റെ കേന്ദ്രങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്ന അവാന്തര വിഭാഗങ്ങൾ ഹജ്ജ് സമയം മിനായിലെത്തിയാൽ മസ്ജിദുൽ ഖൈഫിൽ നിസ്ക്കരിക്കുമോ ??? മഹാന്മാർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്ത് വെച്ച് നിസ്ക്കരിക്കുമ്പോൾ വസീലത്തു ശിർക്ക് വരില്ലെ ??? നബി (സ്വ) നിസ്ക്കരിച്ച സ്ഥലം തേടിപ്പിടിച്ച് അവിടെ പോയി നിസ്ക്കരിക്കുന്ന പതിവ് മഹാനായ ഇബ്നു ഉമർ (റ) വിനുണ്ടായിരുന്നു എന്നാൽ ഈ പ്രവൃത്തിയെ നഖശിഖാന്തം എതിർത്ത് ശിർക്കിലേക്ക് നയിക്കുന്ന പണിയാണെന്നും ബിദ് അത്താണെന്നും പറഞ്ഞ് ഇബ്നു ഉമർ (റ) വിനെ ആക്ഷേപിച്ച ആളാണ് അവാന്തര വിഭാഗങ്ങളുടെ ആശയ ശ്രോതസ്സായ ഇബ്നു തയ്മിയ്യ ഇത് സ്വന്തം കിതാബായ ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീം 351,352 പേജിൽ കാണാൻ പറ്റും , ഇതിൽ നിന്നും വളരെ വ്യക്തമാണ് ഇത്തരം മഹാന്മാരുമായി ബന്ധപ്പെട്ട സ്ഥലങ്ങളോടും അവിടെ പോകുന്നതുമൊക്കെ ഈ അവാന്തര വിഭാഗങ്ങൾക്ക് ദഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് !!! ഇവർക്കെങ്ങനെ ഹജ്ജിനെ ഉൾക്കൊള്ളാൻ സാധിക്കും?
സുപ്രധാന കർമ്മമായ അറഫ സംഗമം അടുത്ത ദിവസം നടത്തുന്നതിന്ന് വേണ്ടിയുള്ള ആത്മീയമായ തയ്യാറെടുപ്പിന്ന് വേണ്ടിയാണ് ആദ്യം മിനയിൽ രാപാർക്കുന്നത് , ഏതൊരു നല്ല കാര്യത്തിന്നും മഹാന്മാരെ തവസ്സുലാക്കിയും അവരെ സിയാറത്ത് ചെയ്തും തുടങ്ങുന്ന സുന്നികൾക്ക് അറഫ സംഗമത്തിന്ന് മുന്നോടിയായി മിനായിലെ രാപാർക്കലും , മഹാന്മാരുടെ സ്മരണ പുതുക്കലും, അമ്പിയാക്കളുടെ ഖബറും, അവർ സുജൂദും ചെയ്ത മസ്ജിദുൽ ഖൈഫിൽ പോയി നമസ്ക്കരിക്കലുമൊക്കെ പ്രത്യേക അനുഭൂതി തന്നെയാകും, അത് പോലെ അറഫ കഴിഞ്ഞ് വീണ്ടും മിനായിൽ വന്ന് ജംറകളിൽ ഇബ്ലീസിനെതിരെയുള്ള കല്ലേറ് നടക്കും, ഇസ്മാഈൽ നബിയെ അറുക്കാൻ കൊണ്ട് പോകുന്ന സമസമയത്ത് ലഅ്നത്താക്കപ്പെട്ട ഇബ്ലീസ് ഇസ്മാഈൽ നബിയെ വസ് വാസ് ആക്കാൻ വന്നപ്പോൾ അന്ന് ഇബ്ലീസിനെതിരെ ഇസ്മാഈൽ നബി കല്ലെറിഞ്ഞതിനെ അനുസ്മരിച്ച് കൊണ്ട് ഇന്നും ഹജ്ജിന്ന് പോയാൽ മിനാ താഴ് വരയിൽ പിശാചിനെ ഇരുത്തി ജംറതുൽ ഊല, ജംറതുൽ വുസ്താ, ജംറതുൽ അഖബാ, എന്നീ 3 സ്ഥലങ്ങളിൽ കല്ലെറിയണം , അന്ന് ഇസ്മാഈലിന്ന് (അസ) പകരം ആടിനെ അറുക്കാൻ അല്ലാഹുവിന്റെ വിളിയാളം ഉണ്ടായപ്പോൾ ഇബ്രാഹീം നബി (അസ) ആടിനെ അറുത്തത് അനുസ്മരിച്ച് കൊണ്ട്
നമ്മോട് അറവ് (ഉളുഹിയ്യത്ത്) നടത്താൻ കൽപ്പിക്കുന്നു, ഇങ്ങനെ ഓരോ കാര്യവും അന്ന് ചെയ്ത അതേ രീതിയിൽ അനുസ്മരിക്കും വിധം ചെയ്യാൻ അല്ലാഹു നമ്മോട് കല്പിക്കുമ്പോൾ സ്മരണ പുതുക്കലിന്ന് വളരെ പ്രാധാന്യം നൽകുന്നു, അതൊക്കെ വലിയ ആദരവാണെന്നും മനസ്സിലാക്കാൻ കഴിയും, അഹ്ലുസ്സുന്നയും അല്ലാത്ത വിഭാഗവും വേർതിരിയുന്ന പ്രധാന ഘടകവും ഈ ആദരവ് തന്നെയാകുന്നു,
*തിരിച്ചറിവിന്റെ അറഫാ മൈതാനം*
ആദം നബി (അ) മുതല്‍ പരശ്ശതം നബിമാരുടെ പാദപതനമേറ്റ മണ്ണാണ് അറഫയുടെത്. ഭൂമിയിലെ മനുഷ്യാരംഭത്തിനു തുടക്കം കുറിച്ച ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് അറഫ. ആദിപിതാവ് ആദം നബിയുടെയും,(അസ) ആദിമാതാവ് ഹവ്വാ ബീവിയുടെയും പുനസംഗമത്തിന്ന് വേദിയായ പുണ്യ സ്ഥലം,
إنه أهبط بالهند على جبل يقال له نوْد من أرض سرنديب وحواء بجُدَة. قال ابن عباس: فجاء فى طلبها، فكان كلما وضَعَ قدمه بموضع صار قرية وما بين خطوتيه مفاوز، فسار حتى أتى جمعاً فازدلفتْ إليه حواء فلذلك سميت المزدلفة، وتعارفا بعرفات فلذلك سميت عرفات.
(كتب التاريخ لـ ابن الأثير)
ഇവർ കണ്ടുമുട്ടിയ സ്ഥലമായതിനാലാണ് ഇതിനെ അറഫ എന്ന് വവിളിക്കുന്നത് , അറിഞ്ഞു എന്നാണ് അറഫ എന്ന വാക്കിനർത്ഥം, രണ്ട് പേരും പരസ്‌പരം തിരിച്ചറിഞ്ഞത്കൊണ്ട് ആ സ്ഥലത്തിന്ന് അറഫ എന്ന പേര് വന്നത്,
അത് പോലെ സൃഷ്ടാവായ അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്ലിമിനും ബാധ്യതയാണ്. അറിവുകളില്‍ ഏറ്റവും ഉത്തമം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നതില്‍ സംശയമില്ലല്ലോ ഈ തിരിച്ചറിവിന്റെ ബോധം വിശ്വാസികളില്‍ വീണ്ടും അരക്കിട്ടുറപ്പിക്കുകയെന്നതാണ്
ലോക മുസ്ലിം ജനതയുടെ മഹത്തായ സംഗമത്തിന് ഈ ഭൂമിക തെരഞ്ഞെടുക്കപ്പെടാനുള്ള നിദാനവും, ഇതിന്ന് വേദിയാകാൻ മഹാന്മാരുടെ പാദസ്പർശമേറ്റ സ്ഥലം തന്നെ അല്ലാഹു തിരഞ്ഞെടുത്തതിൽ നിന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്,
‘അല്‍ഹജ്ജു അറഫ’ ഹജ്ജ് എന്നാല്‍ അറഫയില്‍ നില്‍ക്കലാണെന്ന് നബി തങ്ങള്‍ (സ്വ) പറഞ്ഞിട്ടുണ്ട്. അറഫയില്‍ നില്‍ക്കാന്‍ സാധിക്കാത്തവന് ഹജ്ജില്ലെന്ന് സാരം. ദുല്‍ഹിജ്ജ ഒമ്പതിന് ഉച്ച മുതല്‍ പെരുന്നാള്‍ ദിവസത്തിലെ ഫജ്റ് വരെയുള്ള സമയങ്ങളില്‍ അല്‍പസമയമെങ്കിലും ഹാജിമാര്‍ അറഫയില്‍ നില്‍ക്കല്‍ നിര്‍ബന്ധമാണ്. അറഫാ ദിനത്തിന്റെ പകലും രാത്രിയും ലഭിക്കത്തക്ക രീതിയില്‍ നില്‍ക്കല്‍ പ്രത്യേക സുന്നത്തുള്ള കാര്യമാണ്,
ത്യാഗപൂര്‍ണമായ ഇന്നലെകളിലെ ചരിത്ര സ്മൃതികള്‍ അയവിറക്കി പ്രാർത്ഥനയിൽ മുഴുകുകയാണ് അറഫയിലെത്തുന്ന ഓരോരോ വിശ്വാസിയും,
മുസ്‌ദലിഫയിൽ വെച്ചാണ് ഹവ്വാ(റ)യെ കണ്ടുമുട്ടിയതെന്നും അവർ ഒന്നിച്ചു ചേർന്ന സ്ഥലമാണതെന്നും അക്കാരണത്താൽ ആ സ്ഥലത്തിന്ന് മുസ്‌ദലിഫ (ഒന്നിച്ചു ചേർന്നസ്ഥലം) എന്ന പേര് വന്നതെന്നും അഭിപ്രായം ഉണ്ട് , ആദം നബി (അസ) ആദ്യമായി ഭൂമിയിൽ കാൽ കുത്തിയത് ഇന്നത്തെ ഇന്ത്യ ഉൾപ്പെടുന്ന അന്നത്തെ സിലോണിലെ ആദം മലയിലും , അവ്വാ ഉമ്മ ജിദ്ദയിലുമാണെന്ന് ചരിത്ര സാക്ഷ്യം, പിന്നീട് ഇവർ തമ്മിൽ കണ്ട് മുട്ടുന്നത് അറഫയിൽ വെച്ചാണ് അഥവാ ആദിപിതാവും ആദിമാതാവും നേരിൽ കണ്ടറിഞ്ഞ സ്ഥലം , അത് പോലെ നബി(സ)യുടെ ചരിത്ര പ്രധാനമായ അവസാന പ്രസംഗം നിര്‍വഹിച്ചതും അറഫയിലെ ജബലു റഹ്മയിലാണ് , മഹാന്മാരിലൂടെയുള്ള ത്യാഗോജ്ജ്വലമായ ചരിത്ര ഓർമ്മകളും , അവർ സഞ്ചരിച്ച പരിപാവന വഴികളും, ആദരിക്കേണ്ടതിനെ ഭംഗിയായി ആദരിച്ചിട്ടുമല്ലാതെ ലോകത്തിലെ ഏറ്റവും വലിയ പ്രാർത്ഥനാ സംഗമ ഭൂമിയായ അറഫയിൽ പാർക്കാൻ കഴിയില്ല.
ഹജ്ജുമായി മേൽ പറഞ്ഞ ഏത് കർമ്മങ്ങൾ എടുത്ത് നോക്കിയാലും പുണ്യാത്മാക്കളുടെ സ്പർശനമേറ്റ സ്ഥലങ്ങൾക്ക് അളവറ്റ സ്രേഷ്ഠതയുണ്ടെന്ന് മനസ്സിലാകും, ഹജ്ജ് കാലത്ത് മുസ്ലിംകളൊന്നടങ്കം അല്ലാഹുവിന്റെ അടയാളങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ഈമാനിന്റെ വശ്യ സൗന്ദര്യത്തിന് ഹൃദയത്തിലും ശരീരത്തിലും ഇടമൊരുക്കുകയും ചെയ്യും, ഇന്നലേകളിൽ കഴിഞ്ഞ് പോയ ത്യാഗസമ്പൂർണ്ണമയാ ചരിത്രങ്ങളെ സാക്ഷ്യപ്പെടുത്തിയുള്ള ഓർമ്മ പുതുക്കലിന്ന് വേദിയാകുന്നു, നാം ചെയ്യുന്ന ആരാധന കർമ്മങ്ങളുടെ പിന്നിൽ വലിയൊരു ആദരവും ,അനുസ്മരണയും, ഇത്തിബാഉം ഉണ്ടാവണം എന്ന പാഠമുൾക്കൊള്ളുന്നു,
അല്ലാഹു ബഹുമാനിച്ച അടയാളങ്ങളെ ആദരിക്കുകയെന്നത് വലിയ പ്രതിഫലമുള്ള കാര്യമാണെന്ന് ബോധ്യപ്പെടും, തൂവെള്ള വസ്ത്രത്തിന്റെ വിശുദ്ധിയോടെ ലബ്ബൈക്കിന്റെ മന്ത്രധ്വനികളുരുവിട്ട്, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മഹാവിളംബരം മുഴക്കുന്ന ഹജ്ജ് കാലം നമ്മിലേക്ക് ആഗതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
✍🏻സിദ്ദീഖുൽ മിസ്ബാഹ് ജസ്‌രി പടന്നക്കാട് -
(8891 786 787)
(siddeequlmisbah@gmail.com)
21/4/2024
_______________
Comments
Post a Comment